CM Pinarayi Vijayan about Ideology change of KR Gouriyamma | ഗൗരിയമ്മയുടെ രാഷ്ട്രീയ മാറ്റം സ്നേഹിക്കുന്നവരെ വേദനിപ്പിച്ചു: മുഖ്യമന്ത്രി


അഭിപ്രായത്തിന് മൂല്യം

അഭിപ്രായത്തിന് മൂല്യം

ഗൗരിയമ്മ ഇന്ന് രാഷ്ട്രീയ അധികാരസ്ഥാനത്തൊന്നുമില്ല. എങ്കിലും ഏതു വിഷയത്തിലും ഗൗരിയമ്മക്ക് എന്താണു പറയാനുള്ളത് എന്നതിനായി അധികാരത്തിലുള്ളവർ കാതോർക്കുന്നു. അവരുടെ അഭിപ്രായം ആരാഞ്ഞ്, അതു നടപ്പിലാക്കാൻ ശ്രമിക്കുന്നു. എന്തുകൊണ്ടാണിത്? ഗൗരിയമ്മ ജനങ്ങളുമായി ബന്ധപ്പെട്ട ഏതു വിഷയത്തിൽ എന്തു പറയുമ്പോഴും അതിൽ ഒരു ശരിയുണ്ടാവും; അനുഭവത്തിന്റെ സത്യമുണ്ടാവും. ജനങ്ങൾക്കും നാടിനും ഗുണപ്രദമാവുന്നതേ ഗൗരിയമ്മ സാമൂഹ്യ വിഷയങ്ങളിൽ പറയൂ എന്നതുകൊണ്ടാണത്.

ഗൗരിയമ്മയെക്കുറിച്ച്

ഗൗരിയമ്മയെക്കുറിച്ച്

ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വർത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന അപൂർവം കണ്ണികളേ ഇന്നുള്ളു. അതിലെ വിലപ്പെട്ട കണ്ണിയാണു ഗൗരിയമ്മ. അന്നത്തെ അനുഭവങ്ങളെ മനസ്സിൽവെച്ച് ഭാവിയെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇവിടെയാണ് ഗൗരിയമ്മയുടെ പ്രസക്തി നാം കൂടുതൽ തിരിച്ചറിയുന്നത്. അതുകൊണ്ടാണ് ഗൗരിയമ്മയുടെ അഭിപ്രായങ്ങൾക്കു നാം എപ്പോഴും കാതോർക്കുന്നത്.

സാമൂഹ്യസേവനത്തിന്

സാമൂഹ്യസേവനത്തിന്

ചെറിയ പ്രായത്തിൽ തന്നെ, തന്നെ മറന്ന് സാമൂഹ്യസേവനത്തിന്റെ പാതയിലേക്കിറങ്ങിയ വ്യക്തിയാണ് ഗൗരിയമ്മ. സാമ്പത്തികമായും സാമൂഹികമായും സാമാന്യം ഭേദപ്പെട്ട കുടുംബ പശ്ചാത്തലത്തിലാണവർ ജനിച്ചത്. സാമൂഹ്യാവസ്ഥ മാറിയില്ലെങ്കിലും അവർക്കു വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. സുഖമായിത്തന്നെ ജീവിക്കാൻ വേണ്ട വകയുണ്ടായിരുന്നു. എന്നാൽ, തന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ എന്ന് അവർ കരുതി. മറ്റുള്ളവർക്കു മനുഷ്യോചിതമായി ജീവിക്കാൻ കഴിയുന്ന അവസ്ഥയുണ്ടാക്കണമെന്ന് അവരുറച്ചു. മറ്റുള്ളവരെക്കുറിച്ച് ബാല്യത്തിലേ പുലർത്തിയ ആ കരുതലാണ് അവരെ വിദ്യാർത്ഥി പ്രസ്ഥാനത്തിലേക്കും തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും ഒക്കെ എത്തിച്ചത്. അങ്ങനെ ചിലരുണ്ട്. വ്യവസ്ഥിതി മാറിയില്ലെങ്കിലും തങ്ങൾക്ക് കുറവൊന്നുമുണ്ടാവില്ല എന്നറിഞ്ഞിട്ടും വ്യവസ്ഥിതി മാറ്റാനുള്ള പോരാട്ടത്തിനായി എല്ലാം ത്യജിച്ചിറങ്ങിയവർ. അവരുടെ നിരയിലാണ് ഗൗരിയമ്മയുടെ സ്ഥാനം.

 ധീരതയുടെ പ്രതീകം

ധീരതയുടെ പ്രതീകം

ധീരതയുടെ പ്രതീകമായാണു ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്. സർ സി പിയുടെ കാലത്തേ പൊലീസിന്റെ ഭേദ്യം അനുഭവിക്കേണ്ടി വന്നിട്ടുള്ള അവർക്ക്, സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഘട്ടത്തിലും പൊലീസിൽനിന്ന് ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ചെറുത്തുനിൽപ്പിന്റെ കരുത്തുറ്റ ധീരബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. ആ നിലയ്ക്കുള്ള കവിതകൾ പോലും മലയാളത്തിൽ അവരെക്കുറിച്ചുണ്ടായി.

‘കരയാത്ത ഗൗരി, തളരാത്ത ഗൗരി,

കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി,

ഇതു കേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം

പതിവായി ഞങ്ങൾ ഭയമാറ്റി വന്നു’.- ഇതാണ് ഒരു കവിത. കുഞ്ഞുങ്ങൾക്ക് ഭയം മാറാൻ ഗൗരിയമ്മ ഒപ്പമുണ്ട് എന്നു പറഞ്ഞാൽ മതിയായിരുന്നു, ഒരു കാലത്ത് എന്നതാണ് ആ കവിതയുടെ ഉള്ളടക്കം. ഈ വരികൾ ഞാൻ ഉദ്ധരിച്ചത്, എത്ര വിസ്മയകരവും പ്രലോഭനകരവുമാണ് ആ വ്യക്തിത്വം എന്നു സൂചിപ്പിക്കാനാണ്.

കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും

കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും

രാഷ്ട്രീയവുമായ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് ഗൗരിയമ്മ. അത്യപൂർവം സ്ത്രീകൾ മാത്രം ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന ഒരു കാലത്ത് നിയമവിദ്യാഭ്യാസം പൂർത്തിയാക്കിയ ഗൗരിയമ്മക്കു വേണമെങ്കിൽ ഔദ്യോഗിക തലത്തിൽ തിളക്കമാർന്ന തലങ്ങളിലേക്കു വളർന്ന് സ്വന്തം ജീവിതം സുരക്ഷിതവും സമ്പന്നവുമാക്കാമായിരുന്നു. എന്നാൽ, ആ വഴിയല്ല, തന്റെ വഴിയെന്ന് അവർ തിരിച്ചറിഞ്ഞു. അവർ ജനങ്ങളിലേയ്ക്കിറങ്ങി. ഒളിവിലും തെളിവിലും ഒക്കെയായി അവർ ത്യാഗപൂർവമായി ജീവിച്ചു.

ഒന്നാം കേരള മന്ത്രിസഭയിൽ തന്നെ അംഗമായി അവർ. കേരള കാർഷിക പരിഷ്‌കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റു വിതച്ച ബില്ലുകളുടെ നിയമമാക്കലിൽ ശ്രദ്ധേയമായ പങ്കാണവർ വഹിച്ചത്. രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഒന്നും രണ്ടും നായനാർ മന്ത്രിസഭകളിലും അവർ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

പാർട്ടിയിൽ നിന്ന് പുറത്തേക്ക്

പാർട്ടിയിൽ നിന്ന് പുറത്തേക്ക്

നിർഭാഗ്യവശാൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തയായ ഗൗരിയമ്മ പാർടിയിൽനിന്നു പുറത്താവുന്ന അവസ്ഥയുണ്ടായി. ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിക്കുന്നതും പിന്നീട് രണ്ടാമത്തെ എ കെ ആന്റണി മന്ത്രിസഭയിലും ഒന്നാമത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയിലും അംഗമാകുന്നതും മറ്റുമാണ് കേരളം കണ്ടത്. ആ രാഷ്ട്രീയമാറ്റം ഗൗരിയമ്മയെ സ്‌നേഹിച്ചവരെ വരെ വേദനിപ്പിച്ചിട്ടുണ്ടാവണം. ഏതായാലും സമീപകാലത്ത് ഗൗരിയമ്മ വീണ്ടും പാർടിയോടു സഹകരിക്കുന്ന നിലയിലേക്കെത്തി. അതാകട്ടെ, പാർടിയെ പ്രത്യേകിച്ചും ഇടതുപക്ഷത്തെ പൊതുവിലും സ്‌നേഹിക്കുന്ന പുരോഗമന സാമൂഹ്യശക്തികൾക്കാകെ വലിയ സന്തോഷമാണു പകർന്നുനൽകിയത്.

 മികച്ച നിയമസഭാ സാമാജിക

മികച്ച നിയമസഭാ സാമാജിക

അസാമാന്യ ദൈർഘ്യമുള്ള നിയമസഭാ സാമാജിക ജീവിതമാണ് ഗൗരിയമ്മയുടേത്. 1952-53, 1954-56 ഘട്ടങ്ങളിലെ തിരു-കൊച്ചി നിയമസഭകളിലും കേരള രൂപീകരണത്തോടെ അഞ്ചാമത്തേതൊഴികെ ഒന്നു മുതൽ പതിനൊന്നു വരെയുള്ള നിയമസഭകളിലും അവർ അംഗമായി. മന്ത്രിസഭയിലാകട്ടെ, റവന്യു, വ്യവസായം, കൃഷി, എക്‌സൈസ്, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലൊക്കെ മൗലികമായ പരിഷ്‌കാരങ്ങൾ വരുത്താനും തനതായ പദ്ധതികൾ ആവിഷ്‌കരിക്കാനും അവർ ശ്രദ്ധിച്ചു.ജനങ്ങൾക്ക് ഉപകരിക്കുന്ന എന്തും സ്വീകാര്യമായിരുന്നു അവർക്ക്. ജനക്ഷേമകരമായ കാര്യങ്ങൾ നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥ മേധാവിത്വമോ ചുവപ്പുനാട സമ്പ്രദായമോ ഒന്നും തടസ്സമാവുന്നത് അവർ അനുവദിക്കുമായിരുന്നില്ല. അനീതികളോടുള്ള വിട്ടുവീഴ്ച പലപ്പോഴും അവരെ കാർക്കശ്യക്കാരിയായി കാണുന്നതിനു പലരെയും പ്രേരിപ്പിച്ചുവെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

 കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കരുത്ത്

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കരുത്ത്

നിർണായക ഘട്ടങ്ങളിലൊക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കരുത്തുപകർന്ന വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത്. വലതുപക്ഷ വ്യതിയാനത്തിനെതിരെയും ഇടതു തീവ്രവാദ വ്യതിയാനത്തിനെതിരെയും പൊരുതി പാർടിയെ ശരിയായ നയപാതയിൽ ഉറപ്പിച്ചുനിർത്താൻ അവർ വലിയ സംഭാവന നൽകി. എന്നു മാത്രമല്ല, വ്യക്തിപരമായ നഷ്ടങ്ങൾ പോലും അവർക്ക് ഉണ്ടായി. ആ ഘട്ടത്തിൽ പാർടിയോടുള്ള പ്രതിബദ്ധതയിൽ അവർ അത് സാരമാക്കാതെ വിട്ടുകളഞ്ഞു.Source link